13.1.11

ലാലൂരും മാലിന്യവും

ചരിത്രം
 കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ കൊച്ചി രാജഭരണകാലം മുതല്‍ ലാലൂര്‍ തൃശ്ശൂരിന്റെ സ്വന്തം മാലിന്യ നിക്ഷേപത്തിനുള്ള പ്രദേശമായിരുന്നു. ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരില്‍ താമസമാക്കിയതിനു ശേഷമാണ്  നഗര മാലിന്യം പൂര്‍ണമായും ഇവിടെ നിക്ഷേപിക്കാന്‍ ഭരണതല തീരുമാനമുണ്ടായത്. 1942 ജൂലൈ 1ന് തൃശ്ശൂര്‍ മുന്‍സിപ്പാലിറ്റി നിലവില്‍ വന്നു. 2000ഒക്ടോബര്‍ 2ന് കോര്‍പ്പറേഷനായി ഉയര്‍ത്തപ്പെട്ടു. 52 ഡിവിഷനുകളില്‍ 50-ാമത്തെ ഡിവിഷനാണ് ലാലൂര്‍. 2001ലെ സെന്‍സസ് പ്രകാരം  തൃശ്ശൂര്‍ നഗരത്തില്‍ 3.2ലക്ഷം ജനങ്ങളുണ്ടായിരുന്നു. 66827 വാസ സ്ഥലങ്ങളും.
  1983ലാണ് ലാലൂര്‍ നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നത്. സഖാവ് എ.വി.ആര്യന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം 92ല്‍ സമരക്കാര്‍ ജയിലിലടക്കപ്പെട്ടതോടെ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ലാലൂര്‍ സമരത്തിന്റെ പിതാവ് എന്ന് വിളിക്കാമെങ്കില്‍ ആ പദവി സഖാവിനുള്ളതാണ്. തുടര്‍ന്നുണ്ടായ പൊതു താല്‍പര്യ വ്യവഹാരത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ഹൈക്കോടതി തൃശ്ശൂര്‍ മുന്‍സിപ്പാലിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. 2003ല്‍ മാലിന്യം വളമാക്കി മാറ്റുന്ന പദ്ധതി നഗര സഭ അംഗീകരിച്ചു. 1.75 കോടി ചിലവാക്കി പ്ളാന്റ് സ്ഥാപിച്ചു. വന്‍ പരാജയമായി. തുടര്‍ന്ന് നഗര സഭയുടെ അഴിമതിക്കെതിരെ സമരം തുടങ്ങി. മേയര്‍മാരായിരുന്ന കെ.രാധാകൃഷ്ണനെയും ജോസ് കാട്ടൂക്കാരനെയും കുട്ടൂസനും ലുട്ടാപ്പിയുമായി ചിത്രീകരിച്ച് നഗര സഭക്കുമുന്‍പില്‍ സമരം ശക്തിപ്പെട്ടു. ജില്ലയിലെ പരിസ്ഥിതി പൌരാവകാശ പ്രവര്‍ത്തകരെല്ലാം ഒത്തൊരുമിച്ച് സമരത്തില്‍ പങ്കെടുത്തു. 2008ല്‍ എഡിബി വായപയെടുത്ത് 5കോടിയുടെ ലാന്റ് ഫില്ലിങ് പ്രോജക്റ്റ് നടപ്പിലാക്കാന്‍ ആദ്യത്തെ ഇടതു പക്ഷ  ഭരണകൂടം  തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. ഈ സന്ദര്‍ഭത്തിലാണ് യഥാര്‍ത്ഥ ലാലൂര്‍ നിവാസി പൊതു താല്‍പര്യ വ്യവഹാരിയായ പി.ഡി.ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. മാധ്യമങ്ങള്‍  ജോസഫിനെ നവാബിന് പകരക്കാരനായി ചിത്രീകരിക്കാന്‍ തുടങ്ങിയത്് സമര സമിതി നേതാക്കളുടെ ഉറക്കം കെടുത്തി. പി.യു.സി.എല്ലിന്റെ അധികാരം പിടിക്കാനുള്ള ശ്രമങ്ങളില്‍ ടി.കെ.വാസു അടക്കമുള്ള ആക്റ്റിവിസ്റുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തിലാണ് ജോസഫിന് മാധ്യമങ്ങള്‍ സ്പേസ് കൊടുക്കുന്നത്. പത്രങ്ങള്‍ സമര സമിതി നേതാക്കള്‍ക്കായി മാറ്റി വച്ചിരുന്ന സ്ഥിരം കോളങ്ങളില്‍ ജോസഫും കോടതിയും കയറിത്തുടങ്ങിയപ്പോള്‍ നേതാക്കള്‍ക്കുണ്ടായ ഉറക്കമില്ലായ്മയാണ് കോടതി തീരുമാനത്തിന് കാക്കാതെ  സമരം തെരുവിലേക്ക് കൊണ്ട് വന്ന് ശക്തമാക്കാന്‍ കാരണമായത്.  ജോസഫിന്റെ അപേക്ഷയില്‍ ഹോക്കോടതി 2009 ഒക്ടോബര്‍ 22ന്  ജില്ലാ ജഡ്ജി കമല്‍പാഷയെ തന്നെ കമ്മീഷനായി നിയമിച്ചു. അദ്ദേഹം നേരിട്ട്  ലാലൂര്‍ സന്ദര്‍ശിച്ചതും വളരെ അപകടകരമായ അവസ്ഥയാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ചരിത്ര സംഭവമായി. ഈ റിപ്പോര്‍ട്ടാണ്  ലാലൂര്‍ സമരത്തിന്റെ പുറകിലുള്ള മനുഷ്യാവകാശ പ്രശ്നങ്ങളുടെ ഗൌരവം സമൂഹത്തെയും മുഖ്യമന്ത്രിയെയും സത്യ സന്ധമായി ബോദ്ധ്യപ്പെടുത്തിയത്.  ഇക്കാര്യത്തില്‍ ജോസഫ് അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. തുടര്‍ന്ന് മലിനീകരണ വിരുദ്ധ സമിതികൂടി പങ്കെടുത്ത ഔദ്യോഗിക ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ കോടതിയും അംഗീകരിച്ചു.  അതോടെ ലാലൂര്‍ മാലിന്യ പ്രശ്നം ജുഡീഷ്യല്‍ വിഷയമായി മാറുകയും ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരമുറകള്‍ നിര്‍ത്തി വക്കണമെന്ന് നഗര വാസികള്‍ ആവശ്യപ്പെടുകയും ചെയ്തു തുടങ്ങി.
ലാലൂര്‍ എങ്ങിനെ തിരഞ്ഞെടുപ്പ് വിഷയമായി
 

1942 മുതല്‍ 2005വരെ തുടര്‍ച്ചയായി മുന്‍സിപ്പല്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെയെങ്കിലും അധികാരം തിരിച്ചു പിടിക്കാനുള്ള കഠിനമായ ശ്രമം തുടങ്ങിയിരുന്നു. അഴിമതി ആരോപണ തന്ത്രങ്ങളൊന്നും തന്നെ വേണ്ടത്ര ജനപിന്തുണ നേടാതെ പോയി. കോടതി ഇടപെടലോടെ പെട്ടെന്ന് വീണു കിട്ടിയ  ലാലൂര്‍ മാലിന്യ പ്രശ്നം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി പാര്‍ട്ടി ഏറ്റെടുത്തു. വെയില്‍ കൊണ്ടും പട്ടിണികിടന്നും   സമരം ചെയ്യാന്‍ തയ്യാറല്ലാത്ത പാര്‍ട്ടിക്കാര്‍ സിവിക് പ്ളാച്ചിമട സമരത്തെക്കുറിച്ച് പറഞ്ഞതുപോലെ തന്നെ സമരക്കാരെ കൂലിക്കെടുക്കുകയായിരുന്നു. ധാരാളം ഫണ്ടും സമരവേദിയില്‍ നിറയെ ആളും. ഒരര്‍ത്ഥത്തില്‍ ടി.കെ.വി.യുടെ ഇടതുപക്ഷ ശത്രുത അവര്‍ മുതലെടുത്തു.  സമര സമിതി മുന്‍പ് അഴിമതിക്കാരനെന്ന് മുദ്രകുത്തി കയ്യേറ്റം ചെയ്തിട്ടുള്ള  മുന്‍ മേയര്‍ കെ.രാധാകൃഷ്ണന്‍  സമരം ഉല്‍ഘാനം ചെയ്തത് വാസുവിന്റെ  കീഴടങ്ങലിന്റെ അടയാളപ്പെടുത്തലായി. സമര സമിതിയെ  തന്നെ പാര്‍ട്ടി ഹൈജാക്ക് ചെയ്തു. പഴയ നക്സലൈറ്റും മാവോയിസ്റ് അനുഭാവിയുമായ  സഖാവിനെ മാമോദിസ മുക്കി  ലാലൂര്‍ ഗാന്ധി എന്ന മഹനീയ പദവി നല്‍കി മനോരമ ആദരിക്കുകയും ചെയ്തു. തനിക്ക് ഒരിക്കലും ചേരാത്ത ഗാന്ധിത്തൊപ്പി അഴിച്ച് വക്കാന്‍ വാസു തയ്യാറായിട്ടുമില്ല. ആദ്യ കാലത്ത് കമ്മ്യൂണിസ്റ് സഖാക്കള്‍ നടത്തിയിരുന്ന സമരം ഇപ്പോള്‍ ലാലൂര്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്  ഏറ്റെടുത്തു നടത്തുന്നു എന്ന് പറയുന്നതാവും ശരി.  മുന്‍ മേയര്‍ കെ.രാധാകൃഷ്ണന്‍ പീതാംബരന്‍ മാസ്റര്‍ വി.എം.സുധീരന്‍ തേറമ്പില്‍ രാമകൃഷ്ണന്‍ തുടങ്ങിയ യൂണിഫോമിട്ട നേതാക്കളും അണികളും ചേര്‍ന്നപ്പോള്‍ ലാലൂര്‍ പൂര്‍ണമായും കോണ്‍ഗ്രസിന്റെ നഗരസഭാ തിരഞ്ഞെടുപ്പ് പ്രചരണമായി  ഉയര്‍ന്നുവന്നു. ഒരു സമരത്തിലും കക്ഷി ചേര്‍ന്ന് പാരമ്പര്യമില്ലാത്ത തൃശ്ശൂര്‍ ബാര്‍ അസോസിയേഷന്‍ പോലും  പ്രമേയം പാസ്സാക്കി. മുന്‍ കാല സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ആക്റ്റിവിസ്റുകള്‍ പൂര്‍ണമായും അകറ്റി നിര്‍ത്തപ്പെട്ടു. ലാലൂര്‍ സമരം ഇങ്ങിനെ ഹൈജാക്ക് ചെയ്യപ്പെടുന്നത് കേരളത്തിലെ മറ്റു സമരങ്ങളെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് ചുരുക്കം ചില ആക്റ്റിവിസ്റുകള്‍ സമരവേദികളില്‍ ഇടിച്ചുകയറാന്‍ തുടങ്ങിയത്. സമര സമിതി നേരിട്ട് മത്സരിക്കണമെന്ന് പൊതു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.  പക്ഷെ ആ ശ്രമം വിജയിച്ചില്ലെന്ന് സമരസമിതി സ്വീകരിച്ച കോണ്‍ഗ്രസ് അനുകൂല നിലപാട് വ്യക്തമാക്കുന്നു. അധികാര രാഷ്ട്രീയത്തില്‍ വിശ്വാസമില്ലെന്ന വാസുവിന്റെ നിലപാട് പാര്‍ലിമെന്റ് തിരഞ്ഞടുപ്പില്‍  കുഞ്ഞന്‍ പുലയന് പിന്തുണ നല്‍കാതെ പരസ്യമായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍  സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെപോലും പിന്തുണക്കാതിരിക്കുകയും ചെയ്തതില്‍ നിന്നും സത്യസന്ധമല്ലെന്ന് വ്യക്തമാകും.
ലാലൂര്‍ മാലിന്യ വികേന്ദ്രീകരണ പദ്ധതി (ലാംപ്)സമര സമിതി മുഖ്യമന്ത്രിയുമായി 2010 ഏപ്രില്‍ 6ന് നടത്തിയ ചര്‍ച്ചയുടെ ഫലമായി കാര്‍ഷിക സര്‍വകാലശാലയിലെ പ്രൊഫസര്‍ പത്തിയൂര്‍ ഗോപിനാഥിന്റെ  മാലിന്യ വികേന്ദ്രീകൃത  പ്രോജക്റ്റ് (ലാലൂര്‍ മോഡല്‍ പ്രോജക്റ്റ് -ലാംപ്) എല്ലാവരും അംഗീകരിച്ചു.  പദ്ധതി പ്രകാരം 3 വര്‍ഷത്തിനുള്ളില്‍ 52 ഡിവിഷനിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ തുടങ്ങി ലാലൂരിലേക്കുള്ള മാലിന്യവരവ് അവസാനിപ്പിക്കുകയുമാണ് പ്രഖ്യാപിത ലക്ഷ്യം. ഈ പദ്ധതി പ്രായോഗികമായും ശാസ്ത്രീയമായും മണ്ടത്തരമായിരിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ഒരു വിഭാഗം പൌരാവകാശ പ്രവര്‍ത്തകരും ഇപ്പോള്‍ പറയുന്നു.
മുന്‍ മേയര്‍ കെ.രാധാകൃഷ്ണന്‍ ലക്ഷങ്ങളുടെ നികുതിപ്പണം ചെലവാക്കി ചൈനയില്‍ പോയി പഠിച്ച് നടപ്പിലാക്കിയ നൂതന പദ്ധതിയാണ് സ്ത്രീകളെക്കൊണ്ട് തോട്ടിപ്പണി ചെയ്യിച്ച് എന്തെങ്കിലും തൊഴില്‍ കൊടുക്കുക എന്നത്. കോണ്‍ഗ്രസ് ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടമായി അവര്‍ ഈ സംരംഭത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്.  മാലിന്യം ലാലൂരില്‍ എത്തിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീശക്തി  തൊഴില്‍ നഷ്ടം ഭയന്ന് പദ്ധതിയെ എതിര്‍ക്കുന്നത് സ്വാഭാവികം മാത്രം. ഗുരുവായൂരില്‍ നടന്ന മാലിന്യ വിരുദ്ധ സമ്മേളനത്തില്‍ സിവിക് ചന്ദ്രന്‍  തന്റെ അനുഭവം വിവരിക്കുകയുണ്ടായി.എന്തെങ്കിലും മാലിന്യം തരണമെന്ന അപേക്ഷയുമായി സ്ത്രീ ശക്തി ജീവനക്കാര്‍ വീട്ടില്‍ വരുമ്പോള്‍ വെറും കയ്യോടെ മടക്കി അയക്കാന്‍ കഴിയാത്ത വിഷമത്താല്‍ അമ്മ തന്റെ പഴയ പുസ്തകങ്ങളെടുത്ത് ചാക്കിലിട്ട് കൊടുക്കുകയാണത്രെ. ഇത് തൃശ്ശൂരിലെ വീട്ടമ്മമാരുടെയും സഹതാപ പൂര്‍ണ്ണമായ സ്വഭാവമാണ്. അതു കൊണ്ടു തന്നെ ലാലൂരില്‍ കുടിയേറിയിരിക്കുന്ന പുത്തന്‍ പണക്കാരും ഭൂമാഫിയകളും ഫ്ളാറ്റ് ഉടമകളും സ്പൊണ്‍സര്‍ ചെയ്യുന്ന സമരങ്ങളെ അവര്‍ വേദനയോടെ വീക്ഷിക്കുന്നു. കൂടാതെ സമര സമിതി ലാലൂരില്‍ മാലിന്യ വണ്ടികള്‍ തടയുമ്പോള്‍ നഗര മാലിന്യം ദിവസങ്ങളോളം അടുക്കളകളിലും തെരുവോരങ്ങളിലും ദുര്‍ഗന്ധപൂരിതമായി കിടക്കുകയായിരുന്നു. മാലിന്യകേന്ദ്രത്തിന്റെ ഗേറ്റ് ആമത്താഴിട്ട്  പൂട്ടുന്നതിന് മുന്‍പ്  സാറാ ജോസഫ് നഗരത്തിലെ  വീട്ടമ്മമാരുമായി സംസാരിക്കുകയും അവരുടെ ഭയാശങ്കകള്‍ മാറ്റിയെടുക്കേണ്ടതുമുണ്ടായിരുന്നു.  മാലിന്യ സംസ്കരണ പദ്ധതികളില്ലാതെതന്നെ ഫ്ളാറ്റുകള്‍ക്കും വീടുകള്‍ക്കും  വ്യാപാര സമുച്ചയങ്ങള്‍ക്കും ലൈസന്‍സ് നല്കിയ കോണ്‍ഗ്രസിനെ  വീണ്ടും അധികാരത്തിലേറ്റേണ്ടത് നഗര നിവാസികളുടെ ആവശ്യമായിവന്നു.

       ലാലൂര്‍ മാലിന്യ വികേന്ദ്രീകരണ പദ്ധതി നടപ്പിലാക്കുവാനുള്ള  ഇടതുപക്ഷ  തീരുമാനം ബോധവല്‍ക്കരണത്തിന്റെ അഭാവത്തില്‍ മറ്റു വാര്‍ഡുകളിലെ ജനങ്ങളെ പൊതുവെ ഭയപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രതിപക്ഷകക്ഷികളുടെ ഇരട്ടത്താപ്പ് വിജയിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ നിത്യവും സ്വന്തം പേര് നിറഞ്ഞുനില്‍ക്കണമെന്ന അജണ്ട മാത്രം നടപ്പിലാക്കുമ്പോള്‍ ഈയൊരു ഗൂഡ തന്ത്രം സമര സമിതി ശ്രദ്ധിക്കാതെ പോയി. അതു കൊണ്ടു തന്നെയാണ് ലാലൂര്‍ സമരത്തില്‍ പങ്കെടുത്തിരുന്ന പലരും  പെട്ടെന്ന് പിന്‍ വാങ്ങിയതും മറ്റു ഡിവിഷനുകളില്‍  പദ്ധതിക്കെതിരെ രഹസ്യ പ്രചരണം നടത്തിയതും. ബസ്സ്റ്റാന്റ് പരിസരത്ത്  തുടങ്ങാനിരുന്ന പദ്ധതിക്കെതിരെ വ്യാപാരികള്‍ കോടതിയില്‍ നിന്നും വളരെ എളുപ്പത്തില്‍ സ്റേ സമ്പാദിച്ചു. തങ്ങളുടെ പരിസരത്തെ മറ്റൊരു ലാലൂരാക്കി മാററുമെന്ന പ്രചരണം വോട്ടര്‍മാരില്‍ ഉണ്ടാക്കിയ അസ്വസ്ഥത പദ്ധതി നടത്തിപ്പുകാരായ ഇടതു പക്ഷത്തിന് പ്രതികൂലമായി മാറി.  യു.ഡി.എഫ്. ഒരിക്കലും ഈ പദ്ധതി  നടപ്പിലാക്കില്ലെന്ന രഹസ്യധാരണകളിലോ ഉറച്ച വിശ്വാസത്തിലോ തന്നെയാണ് നഗരവാസികളും വ്യാപാരികളും  അവരെ ഇപ്പോള്‍ അധികാരത്തിലേറ്റിയിട്ടുള്ളത്. കോണ്‍ഗ്രസ് ഭരണത്തിനെതിരെ ഇനി സമരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ടി.കെ.വാസുവിന് കഴിയുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇടതു പക്ഷം സമരം ഏറ്റെടുക്കാനുള്ള സാദ്ധ്യതയുണ്ട്.
 ലാലൂര്‍ സമരത്തിന്  പിന്തുണ രേഖപ്പെടുത്താനുള്ള വോട്ടര്‍മാരുടെ അവസരം നഷ്ടപ്പെടുത്തിയതെന്തിനെന്ന ചോദ്യത്തിന് സമര സമിതി മറുപടി പറയേണടതുണ്ട്. രണ്ടു മുന്നണികളും ഒരു പോലെ അഴിമതിക്കാരെന്ന് തിരിച്ചറിഞ്ഞ് വോട്ട് ചെയ്യാന്‍ കഴിയാതെ വിട്ടു നില്‍ക്കന്നവര്‍ക്ക് ഒരു സാഹചര്യം നല്‍കേണ്ടതായിരുന്നില്ലേ? ലാലൂരില്‍ സമര സമിതി  സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍  വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് നഗരസഭക്കകത്ത് ചലനങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുമായിരുന്നു. വോട്ടകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. ആകെ വോര്‍മാര്‍ 4387- യു.ഡി.എഫ്.1352- എല്‍.ഡി.എഫ്.1288-ഭൂരിപക്ഷം 64- ബഹിഷ്കരിച്ചവര്‍ 1433- സ്വതന്ത്രരും അസാധുവും 314- ഇരു മുന്നണികളില്‍ നിന്നും വിട്ടു നില്‍ക്കുന്ന 1747 വോട്ടുകള്‍ സമര സമിതിക്ക് അവകാശപ്പെട്ടതാണ്.മാത്രമല്ല രണ്ടു മുന്നണികളില്‍നിന്നും വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണ്.  ഒരു പക്ഷെ കേരളത്തിലെ പൊതു പ്രശ്നമായിരിക്കുന്ന നഗര മാലിന്യ സംസ്കരണത്തിന് തൃശ്ശൂരില്‍ നിന്നും പരിഹാരം കാണാനുള്ള സാദ്ധ്യതകളാണ് സമര സമിതി നഷ്ടപ്പെടുത്തിയത്. കാതിക്കുടത്തെ സമര സമിതിയുടെ കൂട്ടായ്മയില്‍ ഷെര്‍ളി പോള്‍ വിജയിച്ചത് അവരുടെ  ദീര്‍ഘ വീക്ഷണവും കൂട്ടായ തീരുമാനവും കൊണ്ടാണ്.  ലാലൂര്‍ സമര സമിതിക്ക് ഇല്ലാതെ പോയതും ഇതുരണ്ടുമാണ്.  സമരം തുടങ്ങുന്നതിന് മുന്‍പ ്  സാധാരണ നടക്കാറുള്ളതുപോലെ ആക്റ്റിവിസ്ററുകളുടെ  ഒരു അനൌപചാരിക കൂടിച്ചേരല്‍ പോലും ഉണ്ടായിരുന്നില്ല. പാര്‍ലിമെന്റ് തിരഞ്ഞടുപ്പില്‍ പരിസ്ഥിതി ദളിത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുഞ്ഞന്‍ പുലയന് പിന്തുണ നല്‍കാതെ പരസ്യമായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സമരസമിതി തിരഞ്ഞെടുപ്പ് മുന്നില്‍  കണ്ടുകൊണ്ടുള്ള ഒരു അടവു നയം നേരത്തെ തന്നെ എടുത്തിരുന്നു. മനുഷ്യാവകാശ സാമൂഹ്യ സംഘടനകള്‍ ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് ഇപ്പോള്‍ കുറ്റപ്പെടുത്തുന്ന ടി.കെ.വാസു ചെയ്യേണ്ടത് ഒരു ആത്മ പരിശോധനക്ക് സ്വയം തയ്യാറാകുകയും   അദ്ദേഹം കൈനൂരില്‍   ആവശ്യപ്പെട്ടതുപോലെ സമരാവലോകനത്തിനായി വേദിയൊരുക്കുകയുമാണ്.    ലാലൂര്‍ സമരത്തിന് ഭൂമാഫിയകളും ഫ്ളാറ്റ് ഉടമകളും ഉദാരമായി ധനസഹായം നല്‍കിയിട്ടുണ്ടെന്ന അരോപണങ്ങള്‍ക്ക്  കൃത്യമായ കണക്കുകള്‍ പ്രസിദ്ധീകരിച്ച് മറുപടി പറയാന്‍ ടി.കെ.വാസുവിന്  ബാദ്ധ്യതയുണ്ട്. (സഹപ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല)
 പിന്‍ കുറിപ്പ്-കേരളത്തിലെ മാലിന്യ വിരുദ്ധ സമരങ്ങള്‍ മുന്നോട്ട് വച്ചിട്ടുള്ള പൊതു നിര്‍ദ്ദേശം ഓരോ വ്യക്തിയും അവനവന്റെ  മാലിന്യം സ്വന്തം സ്ഥലത്ത് സംസ്കരിക്കണമെന്നതാണ്. അതേ സമയം ലാലൂര്‍ സമര സമിതി ഈ നിര്‍ദ്ദേശത്തെ തിരുത്തുകയും അനേകം ലാലൂരുകള്‍ ഉയരട്ടെ എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
എന്തായാലും കോടതിയും ഭരണകൂടവൂം ജനങ്ങളും ഒരുമിച്ച് അംഗീകരിച്ച ലാംപ് പദ്ധതി നടപ്പിലാക്കാനുള്ള ബാദ്ധ്യത ഇതുവരെ സമരം നയിച്ച കോണ്‍ഗ്രസിന്റെ ഭരണകൂടത്തിന്- സാധാരണക്കാരന്റെ വാക്കുകളില്‍ സമരക്കാര്‍ക്ക്  തന്നെയാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ