6.1.11

മൂവാണ്ടന്‍

പ്രവാസി സുഹൃത്തുക്കള്‍ക്ക്
 തൊടിയിലെ മൂവാണ്ടന്‍ പൂത്തുനില്‍ക്കുന്നത് കാണൂ.  കൃത്യം മൂന്നാം വര്‍ഷം കായ്ക്കുന്നതു കൊണ്ടാണ് ടിയാന്‍ മൂവാണ്ടനായത്. കുട്ടികള്‍ക്കിനി  കണ്ണി മാങ്ങ തിന്നാം. രണ്ടാഴ്ച കഴിഞ്ഞാല്‍  ഉപ്പ് കൂട്ടി ഇളം മാങ്ങ കടിക്കാം. വായില്‍ വെള്ളം വന്നില്ലേ? മൂക്കുന്നതിന് മുമ്പ് മൂവാണ്ടനും മത്തിയും  കറി വച്ചാലത്തെ രുചി അനുഭവിച്ചു തന്നെ അറിയണം. കൊള്ളി കൂടിയായാല്‍ വില കുറഞ്ഞ പോഷകമൂല്യമുള്ള ഭക്ഷണമായി. മാങ്ങ മൂത്തു തുടങ്ങിയാല്‍ തൊലിക്കടിയിലെ നിറം മഞ്ഞയാകും. അപ്പോള്‍ ഉപ്പില്ലാതെ തന്നെ കടിച്ച് മുറിച്ച് തിന്നാം. ഓര്‍ക്കുമ്പോള്‍തന്നെ വായില്‍ കപ്പലോടിക്കാം. പഴുത്താല്‍ പുഴു ഉണ്ടാകാറില്ല. മധുരമാണെങ്കില്‍ പറയുകയും വേണ്ട. പ്രവാസികളെ ഇനി നിങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ ഒരു മൂവാണ്ടനെങ്കിലും നട്ട് രണ്ടു വര്‍ഷം സംരക്ഷിക്കാന്‍ വീട്ടുകാരെ ഏല്‍പിച്ചിട്ട് പോകണെ. വീടുമായി വിശേഷം പങ്കിടാന്‍ സ്വന്തം മക്കളെപ്പോലെ ഒരു മൂവാണ്ടന്‍  ബന്ധം നിങ്ങള്‍ക്കുണ്ടാകും. ചരമ ഗീതം പാടുന്ന ഭൂമിക്ക് നിങ്ങളുടെ വക ഒരു സംഭാവനയാകട്ടെ. ഞങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ സന്തോഷം ..... അതിലേറെ നന്ദിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ