25.11.10

ആക്റ്റിവിസ്റുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു

കേരളത്തിലെ ആക്റ്റിവിസ്റ്റുകളുടെ റോള്‍
പുനര്‍ നിര്‍വചനം വേണം -സിവിക് ചന്ദ്രന്‍

തൃശ്ശൂരില്‍ മാത്രമല്ല കേരളത്തില്‍ പൊതുവെ ആക്റ്റിവിസ്റുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. ആക്റ്റിവിസ്റുകളുടെ റോള്‍ പുനര്‍ നിര്‍വചനം ചെയ്യപ്പെടേണ്ടതുണ്ട്. സമരം ചെയ്യേണ്ട ഉത്തരവാദിത്തം ഇന്ന് ആക്റ്റിവിസ്റുകള്‍ക്കില്ല, സമരം ചെയ്ത് ലോകത്തെ അപ്പാടെ ഉയര്‍ത്തിക്കളയാമെന്ന വ്യാമോഹം ആക്റ്റിവിസ്റുകള്‍ അവസാനിപ്പിക്കേണ്ട സമയമായി. സമരം ഇരകള്‍ ചെയ്യട്ടെ. അവരുടെ ആവശ്യങ്ങളെക്കുറിച്ച് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി പിന്തുണ നേടിക്കൊടുക്കുവാനുള്ള ബാദ്ധ്യതയാണ് ആക്റ്റിവിസ്റുകള്‍ക്കിന്നുള്ളത്. ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തി സമവായമുണ്ടാക്കുന്നതിന് ഒരു ലെയ്സണ്‍ വര്‍ക് നടത്തുകയും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് സാഹചര്യമുണ്ടാക്കുകയും വേണം.. ഇതായിരിക്കണം ഇന്ന് ആക്ടിവിസ്റു കളുടെ കടമ.
സമരം തുടങ്ങുന്നതു പോലെ തന്നെ പ്രധാനമാണ് എങ്ങിനെ അവസാനിപ്പിക്കണമെന്നത്. ഓരോ സമരത്തിനും പോകാവുന്ന ഒരു ദൂരവും മുറിക്കാവുന്ന അനേകം ഇടങ്ങളുമുണ്ട്. കമ്പനി അടച്ചപ്പോള്‍ തന്നെ, വീണ്ടും സമരം തുടങ്ങാനുള്ള സാഹചര്യം നില നിര്‍ത്തി പ്ളാച്ചിമട സമരം അവസാനിപ്പിക്കേണ്ടതായിരുന്നു. ആദിവാസികള്‍ക്ക് കുടിവെള്ളം കിട്ടാനുള്ള സമരം ആഗോളവല്‍ക്കരണ വിരുദ്ധര്‍ക്ക് ലോകാവസാനം വരെ തുടരേണ്ട സമരമാകുന്നു. പ്ളാച്ചിമട സമരം ഹൈജാക് ചെയ്യപ്പെടുകയാണുണ്ടായത്. സമരം തുടരുന്നത് സോളിഡാരിറ്റിക്കും മാതൃഭൂമിക്കും വേണ്ടി മാത്രമാണ്. സോളിഡാരിറ്റിക്ക് ദേശീയ തലത്തില്‍ തങ്ങള്‍ ആക്റ്റിവിസ്റുകളാണെന്ന് സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. ഒരു പക്ഷെ സമാന്തര നോബല്‍ സമ്മാനം കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് വീരേന്ദ്രകുമാര്‍ വന്ദനശിവയെ കൊണ്ടു വന്നത്. ആദിവാസികളെക്കൊണ്ട് കൂലിപ്പണിയെടുപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സമരം മുന്നേറുമ്പോള്‍ മാധ്യമം ഇന്റര്‍വ്യു ചെയ്തത് സമരം നയിച്ച മൈലമ്മയെയല്ല, സോളിഡാരിറ്റി പ്രസിഡന്റിനേയാണ്. ഇരകളുടെ ചിലവിലല്ല ആക്റ്റിവിസം മുന്നോട്ട് കൊണ്ടുപോകേണ്ടത്. സമരം എങ്ങിനെ കൂലിപ്പണിയാക്കാം എന്ന് പ്ളാച്ചിമട കാണിച്ചു തരുന്നു.
വേണ്ടത്ര രാഷ്ട്രീയമായി വിലയിരുത്തപ്പെടാത്ത സമരമാണ് അതിരപ്പിള്ളി. സൈലന്റ്വാലിയില്‍ നിന്നും ക്വോണ്‍ഡം ജംമ്പ് നടത്തിയതാണ് അതിരപ്പിള്ളിയിലേക്ക്. കേരളത്തിലെ എല്ലാ സമരങ്ങളില്‍ നിന്നും അതിരപ്പിള്ളി പഠിച്ചിട്ടുണ്ട്. അതിന് റിസര്‍ച്ചുണ്ട്, പുസ്തകമുണ്ട്, ആക്റ്റിവിസമുണ്ട്. എന്‍. ജി. ഒ. വര്‍ക്കുണ്ട് എല്ലാമുണ്ട്.
മുത്തങ്ങ സമരം നേരിട്ട് കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. ഞങ്ങള്‍ക്ക് കാട് തരൂ ഞങ്ങള്‍ പച്ചക്കറി തരാം എന്നതായിരുന്നു മുദ്രാവാക്യം. വലിയൊരു കമ്മ്യൂണിറ്റിയുണ്ടാക്കാനും ഗോത്രസമൂഹം കെട്ടിപ്പടുക്കാനുമുള്ള കള്‍ച്ചറലായുള്ള ശ്രമം, ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടി ജനാധിപത്യപരമായി നടന്ന ഈ സമരത്തിലുണ്ട്. സ്ത്രീകളുടെ നേതൃത്വവും സമര രംഗത്ത് ഉയര്‍ന്ന് വന്നു. അതേ സമയം മുത്തങ്ങയുടെ ദൌര്‍ബല്യമായത് സിവില്‍ സൊസൈറ്റിയെ ഗൌരവമായെടുത്തില്ല എന്നതാണ്.
ചെങ്ങറ സമരം സിവില്‍ സൊസൈറ്റിയെ ഗൌരവമായെടുക്കുന്നുണ്ട്. പക്ഷെ ഒരു ദളിത് ഗോത്ര വീര്യം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സമരം കൃഷിയുമായി ബന്ധപ്പെടുന്നില്ല. ജനാധിപത്യപരവുമല്ല. ളാഹ ഗോപാലന്റെ അപ് ആന്റ് ഡൌണ്‍സുമായി ബന്ധപ്പെട്ടാണ് സമരം നീങ്ങുന്നത്. ചെങ്ങറയില്‍ നക്സലൈറ്റുകള്‍ക്ക് പ്രവേശനമില്ലെന്ന ളാഹ ഗോപാലന്റെ പ്രഖ്യാപനം കേരളത്തിലെ നക്സലൈറ്റുകള്‍ നേരിടുന്ന ഏറ്റവും വലിയ ആഘാതമാണ്. ഇത്രയും കരണക്കുറ്റിക്കുള്ള തൊഴി അതിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. കേരളത്തില്‍ എഴുപതുകള്‍ക്കുശേഷം നടന്ന എല്ലാ സമരങ്ങളുടെയും അവസാന വാക്ക് നക്സലൈറ്റുളുടേതായിരുന്നു. അന്ന് നക്സലൈറ്റുകളായി വന്നിട്ടുള്ളത് ഏറ്റവും ഇന്റലിജന്റായിട്ടുള്ള ആള്‍ക്കാരായിരുന്നു. 25- വയസ്സില്‍ പ്രപഞ്ചവും മനുഷ്യനും എഴുതിയ ആളാണ് കെ.വേണു. അതിനു ശേഷം അതുപോലൊരു രചന മലയാളത്തിലുണ്ടായിട്ടില്ല. ഇന്ന് ഗോവിന്ദന്‍കുട്ടിയേപ്പോലുള്ള മണങ്ങൂസുകളാണ് നക്സല്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നത്.
സമരം തുടങ്ങുന്നതു പോലെ തന്നെ പ്രധാനമാണ് അവസാനിപ്പിക്കുകയെന്നതും. ചെങ്ങറ സമരം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. നന്ദിഗ്രാം കേരളത്തില്‍ അനുവദിക്കപ്പെടുകയില്ല എന്ന വിവേകമാണ് ചെങ്ങറ സമരം അടിച്ചമര്‍ത്തപ്പെടാത്തതിന് കാരണം. അവിടെയുള്ള ദളിതര്‍ക്കെല്ലാം ഭൂമി കൊടുക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ കണക്കിലെടുക്കുകയും സമരം സമവായത്തിലെത്തിക്കുകയും വേണം. കേരളത്തിലെ മുഴുവന്‍ ദളിതര്‍ക്കും ഭൂമി കിട്ടിയിട്ടേ സമരം നിര്‍ത്തുകയുള്ളു വെന്നത് ആകസ്മികമായ ഒരു മുദ്രാവാക്യമാണ്.
ആക്റ്റിവിസം പലര്‍ക്കും ഒരു രോഗമായി മാറിയിട്ടുണ്ട്. ആക്റ്റിവിസം രോഗമായി മാറിയാല്‍ നമ്മള്‍ എവിടെയും ഓടിച്ചെല്ലുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യും. കേരളത്തില്‍ സമരം നടത്താന്‍ ഇപ്പോള്‍ മിഡില്‍ ക്ളാസ് ആക്റ്റിവിസ്റുകളുടെ ആവശ്യമില്ല. തൊഴിലാളി വര്‍ഗ്ഗത്തിനും റോളില്ല. വിമോചന സമരത്തിനും മിച്ചഭൂമി സമരത്തിനും ശേഷം ഇവിടെ മെയിന്‍സ്ട്രീം സമരമുണ്ടായിട്ടില്ല. ഇടക്ക് നക്സലൈറ്റുകള്‍ വന്നുപോയതല്ലാതെ ഒന്നും ബാക്കിവച്ചിട്ടുമില്ല. മലയാളി കാര്യങ്ങള്‍ മനസ്സിലാക്കുന്നത് റിയാലിറ്റിയില്‍ നിന്നല്ല മീഡിയ റിയാലിറ്റിയില്‍ നിന്നാണ്.
  Civic Chandran in a discussion conducted by OPEN FORUM  in Oct.2008

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ