കീഴഡൂരിലെ സമരം ജില്ലാ ഭരണകൂടം അവഗണിക്കുന്നതായി ആക്ഷേപം
Posted on: 28 Jul 2011
മാള: പരിസരമലിനീകരണം നടത്തുന്ന ഡയറി ഫാം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കീഴഡൂര്‍ നിവാസികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ജില്ലാ ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണെന്ന് സി.പി.എം. അന്നമനട ലോക്കല്‍ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരുവര്‍ഷമായി നാട്ടുകാര്‍ ഫാമിനെതിരെ രംഗത്തുണ്ട്. ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉത്തരവുകള്‍ മാനിക്കാന്‍ ഫാം ഉടമ തയ്യാറാകാതായതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന നാട്ടുകാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി അനിശ്ചിതകാല സമരത്തിലാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., കെ.പി. ധനപാലന്‍ എം.പി. എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഫാമില്‍നിന്നുള്ള മാലിന്യപ്രശ്‌നങ്ങള്‍ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. കീഴഡൂരില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹര്‍ത്താല്‍ ആചരിക്കുകയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഫാമിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ജില്ലാ കളക്ടര്‍ അടിയന്തരമായി ഫാം സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന് സി.പി.എം. യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി അഡ്വ.വി. ജയരാമന്‍ അധ്യക്ഷത വഹിച്ചു.
Tags: Thrissur District News. Mala Local News. Mukundapuram. തൃശ്ശൂര്‍. മാള.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ