30.7.11

പരിസ്ഥിതി മലിനീകരണ ഡയറി ഫാമുകള്‍ വേണ്ട
പരിസ്ഥിതി മലിനീകരണം മൂലം മനുഷ്യനും ജല ജീവികള്‍ക്കും അപകടകരമായിത്തീരുന്ന വന്‍കിട ഫാമുകള്‍ക്കെതിരെ (പന്നി,പശു,കോഴി) ആഗോളതലത്തില്‍ ജനങ്ങള്‍ സംഘടിച്ചു തുടങ്ങി. ~~ഒരു ഡയറി ഫാമില്‍ നിന്നുള്ള മാലിന്യത്തിന്റെ അളവ് ഒരു ചെറിയ നഗരം പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവിന് തുല്യമാണ്. ഫാമുകളിലെ മാലിന്യം മനുഷ്യര്‍ക്കും ജല ജീവികള്‍ക്കും ഹാനികരമാണ്. അമേരിക്കന്‍ പഠന റിപ്പോര്‍ട്ടുകളനുസരിച്ച് കാലി ഫോര്‍ണിയയിലെ ഒരു പശു ഫാമില്‍ നിന്നുള്ള മാലിന്യം ഒരു ലക്ഷം മൈല്‍ ചുറ്റളവിലുള്ള ഭൂമിയിലെ ശുദ്ധ ജലത്തെ മലിനപ്പെടുത്തി യിട്ടുള്ളതായി കണ്ടെത്തി. 2001ല്‍ അമേരിക്കന്‍ പരിസ്ഥിതി വകുപ്പ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ശുദ്ധജലം അടിയന്തിരമായി എത്തിച്ചുകൊടുക്കണമെന്ന് ഉത്തരവിട്ടു. ഫാമിലെ മാലിന്യം മൂലം അടുത്തുള്ള കുടിവെള്ള സ്രോതസ്സുകളില്‍ നൈട്രേറ്റിന്റെ അളവ് വളരെ കൂടതലാണെന്നും ഇതു മൂലം ബ്ളൂ ബേബി സിന്‍ഡ്രോം എന്ന രോഗത്താല്‍ കുട്ടികള്‍ മരിക്കാനിടയാകുന്നുണ്ടെന്നും ഗര്‍ഭഛിദ്രത്തിന് കാരണമാകുന്നുണ്ടെന്നും അവിടത്തെ അരോഗ്യ വകുപ്പ് കണ്ടെത്തി. ചാണകത്തില്‍ മനുഷ്യ വിസര്‍ജ്യത്തിലുള്ളതിനേക്കാള്‍ 10മുതല്‍ 100ഇരട്ടിവരെ കൂടുതലുള്ള സാല്‍മോണെല്ലാ വിഭാഗത്തില്‍ ഉള്‍പ്പടുന്ന രോഗാണുക്കള്‍ 40 വിവിധ തരം രോഗങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വാക്കര്‍ടണ്‍ നഗരത്തിലെ ഒരു പശു ഫാമില്‍ നിന്നുള്ള മാലിന്യം മൂലം 2000മെയ് മാസത്തില്‍ 1300 പേര്‍ക്ക് അതിസാരം ബാധിക്കുകയും അനേകം പേര്‍ മരിക്കുകയും ചെയ്തു. 1993ല്‍ മറ്റൊരു പശുഡയറി ഫാമിലെ മാലിന്യം ജലത്തില്‍ കലര്‍ന്ന് 40,000പേര്‍ക്ക് രോഗബാധയുണ്ടാകുകയും നൂറിലധികം പേര്‍ മരിക്കുകയും ചെയ്തു. ഡയറി ഫാമുകളിലെ മാലിന്യം ഉണ്ടാക്കുന്ന വിപത്തുകളുടെ ആധികാരിക റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ കൂടുതല്‍ വന്നു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ആരോഗ്യ മാസികയായ സയ്ന്‍സ് ഡയ്ലി അമേരിക്കന്‍ പഠന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഫാമുകളിലെ മാലിന്യം ഗര്‍ഭഛിദ്രവും ശിശുഹത്യാ നിരക്കും വര്‍ദ്ധിപ്പിക്കുന്നതായി മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടനില്‍ നോക്ടന്‍ഗ്രാമത്തില്‍ തുടങ്ങിയ ഡയറിഫാം ജല മലിനീകരണത്തിന്റെ പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടി.
മൃഗസ്നേഹികളുടെ അഭിപ്രായങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഗോമാതാക്കളായി ഭാരതീയര്‍ ആരാധിക്കുന്ന പശുക്കള്‍ ഫാമുകളില്‍ കഠിനമായ പീഡനമാണ് അനുഭവിക്കുന്നത്. ചാരായ നിര്‍മാണ ഫാക്റ്ററികള്‍ പുറന്തള്ളുന്ന മാലിന്യമാണ് ഏറ്റവും വില കുറഞ്ഞ തീറ്റയായി കേരളത്തിലെ ഫാമുകളില്‍ പലതിലും പശുക്കള്‍ക്ക് കൊടുക്കുന്നത്. ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഈ മാലിന്യം ദിവസങ്ങളോളം കെട്ടി കിടന്ന് കേടു വന്ന് ദുര്‍ഗന്ധപൂരിതമായിരിക്കും. ഡിസ്റിലറി വേസ്റ് വിഷമയമാണെന്നും പശുക്കള്‍ക്ക് കൊടുക്കുന്നത് തടയണമെന്നും മൃഗസ്നേഹികളുടെ സംഘടനയായ പി.എഫ്.എയുടെ ചെയര്‍പേഴ്സണ്‍ മുന്‍ മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയും ഇപ്പോള്‍ ലോകസഭാ അംഗവുമായ ശ്രീമതി മനേകാ ഗാന്ധി ജനങ്ങളോട് ആവശ്യപ്പെടുന്നു. അതോടൊപ്പം നമ്മെ ആശങ്കപ്പടുത്തുന്നത് ഈ വിഷ വസ്തു തിന്നുന്ന പശുക്കളുടെ പാല്‍ കുടിക്കുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതിയാണ്. ഈ ആശങ്ക കൃഷി മന്ത്രിയെ മൃഗസ്നേഹികള്‍ അറിയിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ 2 തരം പാല്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ പുല്ലും വൈക്കോലും കൊടുത്ത് വളര്‍ത്തുന്ന പശുക്കളില്‍നിന്നുള്ള ഗുണമേന്മയുള്ള നല്ല പാല്‍. രണ്ടാമത്തേത് ഡയറികളില്‍ നിന്നുള്ള പാല്‍. കൊള്ളലാഭം മാത്രം ലക്ഷ്യമായുള്ള ഡയറി ഫാമുകളില്‍ ചാരായ നിര്‍മ്മാണ കമ്പനികള്‍ പുറന്തള്ളുന്ന ഏറ്റവും വില കുറഞ്ഞ ചണ്ടിയാണ് തീറ്റയായി കൊടുക്കുന്നത്. ഇത്തരം പാലിന് സ്വില്‍ മില്‍ക് എന്ന് പറയുന്നു. ഡിസ്റലറി വേസ്റ് തിന്നുന്ന പശുക്കള്‍ക്ക് രോഗങ്ങളുണ്ടാകുമെന്നും അനാരോഗ്യംമൂലം ആയുസ്സ് കുറയുമെന്നും ഇത്തരം പശുക്കളുടെ പാലില്‍ കുട്ടികള്‍ക്ക് രോഗമുണ്ടാക്കുന്ന അപകടകരമായ രോഗാണുക്കള്‍ ഉണ്ടാകുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.(സ്റാന്‍ലി എ. ഫിഷര്‍മാന്‍ എഴുതിയ ടെന്‍ഡര്‍ ഗ്രാസ്ഫെഡ് മീറ്റ് എന്നപുസ്തകത്തില്‍ നിന്ന്) 1998ല്‍ വെസ്റ് ഓറിഗോണ്‍ പ്രദേശത്തെ 12 ഡയറി ഫാമുകളില്‍ നിന്നും ശേഖരിച്ച പശുക്കളുടെ തീറ്റ ഓറിഗോണ്‍ യൂണിവേഴ്സിറ്റിയില്‍ പരിശോധിച്ചതില്‍ ആംപിസില്ലിന്‍, സ്ട്രെപ്റ്റോമൈസിന്‍, ടെട്രാസൈക്ളിന്‍, തുടങ്ങിയ പ്രമുഖ ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ള ബാക്റ്റീരിയ - രോഗാണുക്കള്‍ കണ്ടെത്തി. കാലിത്തീറ്റ കേടു വരാതിരിക്കുന്നതിന് ഫാം ഉടമകള്‍ ചെയ്യുന്ന നിയമ വിരുദ്ധ ചെയ്തികള്‍ മനുഷ്യ ജീവനും മൃഗങ്ങള്‍ക്കും എത്ര അപകടകരമാണെന്ന് ഈ റിപ്പോര്‍ട്ട് ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തിലാണ് ഗുണമേന്മാ പരിശോധനകള്‍ നടത്താത്ത ഡിസ്റിലറി മാലിന്യം പശുക്കള്‍ക്ക് കൊടുക്കരുതെന്ന് മൃഗസ്നേഹികള്‍ കേരളത്തിലെ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നത്. മില്‍മ അടക്കമുള്ള പാക്കറ്റ് പാലുകളില്‍ കീടനാശിനികളുടെയും അന്റി ബയോട്ടിക് മരുന്നുകളുടേയും അംശമുണ്ടെന്ന് കേരള സര്‍വകാലശാലയുടെ പരിശോധനയില്‍ കണ്ടെത്തിയതിനെതുടര്‍ന്നുണ്ടായ ജനകീയപ്രതിഷേധം ഉപഭോക്താക്കള്‍ക്ക് ഓര്‍മ്മയുണ്ടാകും. ശരിയായി പരിപാലിക്കപ്പെടാത്ത ഡയറി ഫാമുകള്‍ പുറത്തുവിടുന്ന നൈട്രജന്‍, ഫോസ്ഫറസ്, കാര്‍ബണ്‍ഡയോക്സൈഡ്, മീതേന്‍ തുടങ്ങിയ മാലിന്യങ്ങള്‍ അന്തരീക്ഷത്തെയും , ജലത്തെയും മലിനപ്പെടുത്തുന്നുണ്ടെന്ന് മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പരമ്പരാഗത ഭക്ഷണമായ പുല്ലും വൈക്കോലും അംഗീകൃത കാലിത്തീറ്റയുമല്ലാതെ ആരോഗ്യത്തിന് ഹാനികരമാണെന്ന് സംശയമുള്ള ഒന്നും തന്നെ പശുക്കള്‍ക്ക് കൊടുക്കരുത്. അത് അധാര്‍മ്മികവും കുറ്റകരവുമാണ്. പാലിന്റെ അളവ് കൂട്ടാനായി പശുക്കളില്‍ മാരകമായ മരുന്നുകള്‍ കുത്തിവക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. മൃഗപീഡന നിരോധന നിയമമനുസരിച്ച് മൃഗങ്ങളെ പീഡിപ്പിക്കുന്നവരെ പോലീസിന് അറസ്റ് ചെയ്ത് കേസെടുക്കാനുള്ള അധികാരമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ