
ദൈവത്തിന്റെ പേരിലെങ്കിലും ആനകളെ വെറുതെ വിടുക മൃഗങ്ങളോടുള്ള ക്രൂരതയുടെ ജനകീയ വേദിയാണ് ക്ഷേത്രോത്സവങ്ങള്‍. ആനകളെ എഴുന്നുള്ളിക്കുന്ന കാര്യത്തിലും കരിമരുന്ന് പ്രയോഗത്തിലും കോടതി വിധികളെ നടത്തിപ്പുകാര്‍ അനുസരിക്കുന്നില്ല. ആനകളുടെ അവകാശങ്ങള്‍ക്കു വേണ്ടി കേരള ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണട്. വെടിക്കെട്ടിന്റെ കാര്യത്തില്‍ സുപ്രീം കോടതിയും. എന്നാല്‍ കോടതി ഉത്തരവുകളുടെ നഗ്നമായ ലംഘനമാണ് ഇപ്പോഴും നടന്നു വരുന്നത്.
ആനപ്പുറത്ത് ദേവനെ എഴുന്നുള്ളിക്കുന്ന ഉത്സവങ്ങള്‍ അധികവും കേരളത്തിലാണ്. രഥോത്സവങ്ങളാണ് ഇന്ത്യയില്‍ പ്രധാനം. വിശ്വാസികള്‍ ദൈവത്തെ തേരിലേററി വലിക്കുന്നത് തന്നെയല്ലേ അഭികാമ്യം?. കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ ആനകളുടെ കുത്തേറ്റ് 150ല്‍പരം പേര്‍ മരണപ്പെട്ടിട്ടുണ്ട്. പീഡനം താങ്ങാനകാതെ വരുമ്പോള്‍ സ്വയ രക്ഷക്കായി പാപ്പാനെ വക വരുത്തുകയാണ് ആനകള്‍ ചെയ്യുന്നത്. അതിന്റെ പേരില്‍ പിന്നീട് കൊലപാതകി എന്ന പേരില്‍ ഈ മിണ്ടാപ്രാണികളനുഭവിക്കുന്നത് അതിക്രൂരമായ പീഡനങ്ങളാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഉത്സവങ്ങളില്‍ നിന്നും ആനകളെ ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയമായി. തൃശ്ശൂര്‍ പൂരത്തിന് നിയമലംഘനം കൂടുതല്‍ നടക്കുന്നത് വെടിക്കെട്ടിന്റെ കാര്യത്തിലാണ്. കരിമരുന്ന് ഉപയോഗത്തെക്കുറിച്ച് നില നില്‍ക്കുന്ന രാജ്യത്തെ നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് പൂരം വെടിക്കെട്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കേരള സര്‍ക്കാരിന്റെ സഹായത്തോടെ അനേകം ആശുപത്രികള്‍ സ്ഥിതി ചെയ്യുന്ന നഗര മദ്ധ്യത്തില്‍ അതി ഭീകരമായ സ്ഫോടനങ്ങള്‍ നടത്തി വരുന്നത്. വെടിക്കെട്ടിന്റെ പാരിസ്ഥിതികവും ജനാരോഗ്യപരവുമായ അപകടങ്ങളും നിയമവ്യവസ്ഥകളുടെ ലംഘനവും പരമോന്നത കോടതിയെ ബോദ്ധ്യപ്പെടുത്തിയത് തൃശ്ശൂര്‍ ബാറിലെ യുവ അഭിഭാഷകന്‍ പി. പ്രമോദാണ്. ഇത്രയും ധീരമായ നിയമപോരാട്ടത്തിന് നിര്‍ഭയം ഇറങ്ങിത്തിരിച്ച ഈ അഭിഭാഷകനെ പരിസ്ഥിതി വാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിനന്ദിക്കേണ്ടതാണ്. കോടതിക്ക് കഴിയാത്തത് ജനങ്ങള്‍ നടപ്പിലാക്കണം. ആനകളും വെടിക്കെട്ടും ഇല്ലാത്ത ഉത്സവങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ