9.11.11


ഈറോം ഷര്‍മിള 
കഴിഞ്ഞ 12വര്‍ഷമായി നിരാഹാര സമരം തുടരുന്ന മണിപ്പൂര്‍ ആക്റ്റിവിസ്റ്. 
ഭാരത സര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിട്ടുള്ള പ്രത്യേക അധികാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഈ കവയിത്രി കഠിനമായ ഗാന്ധിയന്‍ സമര മുറ സ്വീകരിച്ചിട്ടുള്ളത്. പോലീസ് കസ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന ഷര്‍മിളക്ക് പോലീസ് ബലം പ്രയോഗിച്ച്  ഭക്ഷണം നല്‍കി ജീവിപ്പിക്കുന്നു. ശ്രീ.എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു ചര്‍ച്ചക്കുപോലും ഇനിയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള ആക്റ്റിവിസറ്റുകള്‍ ആന്റണിയുടെ വീട്ടുപടിക്കല്‍ 
നിന്നും മണിപ്പൂരിലേക്ക് മാര്‍ച്ച് നടത്തിയത്.  മണിപ്പൂരിലെ സ്ത്രീകളെ സൈന്യം വ്യാപകമായി പീഡിപ്പിക്കുന്നത് തടയുന്നതിനു വേണ്ട്ിയാണ്  28 വയസ്സ് പ്രായമുള്ളപ്പോള്‍ ഈ യുവതി നിരാഹാര സമരം തുടങ്ങിയത്. ഷര്‍മിളക്കിന്ന് വയസ്സ് 39 ആയി. ഇതിനിടയില്‍ അവര്‍ ഡസ്മോണ്ട് എന്ന എഴുത്തുകാരനുമായി തീവ്രമായ പ്രണയത്തിലായി. എന്നാല്‍ അവര്‍ക്കു ചുറ്റും നിലയുറപ്പിച്ചിട്ടുള്ള ഭൂരിപക്ഷം  അക്റ്റിവിസ്റുകളും ഇത്  അംഗീകരിക്കാന്‍ തയ്യാറല്ല. ഈറോം ഷര്‍മിള നാളെ മൂക്കിലെ ട്യൂബ് വലിച്ചെറിഞ്ഞ് സമരം അവസാനിപ്പിച്ച് കാമുകനൊപ്പം ഓടിപ്പോയാല്‍ സമരം എന്താകുമെന്ന ഭയം ആക്റ്റിവിസ്റുകളെ ബാധിച്ചിട്ടുണ്ട്. പ്ളാച്ചിമട സമരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ മൈലമ്മ വിട്ടുപോയപ്പോള്‍ വിളയോടിമാര്‍ക്കുണ്ടായ ഭയം പോലെ തന്നെ. കാശ്മീരിലെ തീവ്ര വാദികള്‍ക്കു വേണ്ടി വാദിക്കുന്ന അരുന്ധതി റോയിയെപ്പോലുള്ള പ്രമുഖ ആക്റ്റിവിസ്റുകള്‍ക്ക് ഈ സമരം ഏറ്റെടുക്കാന്‍ എന്താണ് തടസ്സമെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലല്ലോ.  പ്രണയം അടിസ്ഥാനപരമായി ആക്റ്റിവിസത്തിനെരാണോ? സ്വാതന്ത്യ്രസമരക്കാലത്ത് ജവഹര്‍ലാല്‍ നെഹ്റു ലേഡി മൌണ്ട് ബാറ്റണെ അഗാധമായി പ്രണയിച്ചിരുന്നത് സമരത്തിന് തടസ്സമായി ഗാന്ധിജി പോലും കണ്ടിരുന്നില്ല. സ്വാതന്ത്യ്രം കിട്ടാന്‍ ആ പ്രണയം സഹായകരമാകുകയും ചെയ്തു. എഴുത്തുകാരനും ആക്റ്റിവിസ്റുമായ ഗോവക്കാരന്‍ ഡസ്മോണ്ട്, തന്റെ പ്രണയിനിയെ ഒന്നു  കാണാന്‍ ആശുപത്രിയില്‍ ചെന്നെങ്കിലും  ആക്റ്റിസ്റുകള്‍  അയാളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. തുടര്‍ന്ന് ഷര്‍മിള കോടതിയെ സമീപിക്കുകയും സഹപ്രവര്‍ത്തകരില്‍നിന്നുള്ള ഭീഷണിക്കെതിരെ സംരക്ഷണം തേടി എന്നുമാണ് മ മാധ്യമ വാര്‍ത്തകള്‍. നമുക്ക് ഉന്നയിക്കാനുള്ള ചോദ്യം പ്രണയിക്കുവാനും വിവാഹിതയാകാനും പ്രസവിക്കുവാനുമുള്ള ഒരു യുവതിയുടെ അവകാശത്തെ തടസ്സപ്പെടുത്തുന്നത് ശരിയാണോ എന്നാണ്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ