SUGATHAKUMARI
ഇത്രയധികം ദാരുണവും ദയനീയവുമായ ഒരു സംഭവം ഈയിടെയൊന്നും ഉണ്ടായിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ പോരല്ലോ; ലജ്ജാവഹം എന്നുകൂടി പറയേണ്ടേ. ഒറ്റയ്ക്ക് ട്രെയിനില്‍ യാത്രചെയ്തു എന്നതാണോ ആ കുട്ടി ചെയ്ത തെറ്റ്. ഇറങ്ങാനുള്ള സമയമായിരിക്കുന്നു. നാളെ പെണ്ണുകാണാന്‍ വരികയാണ്. കാത്തി...രിക്കുന്ന ആ പെണ്‍കുട്ടിയുടെ മനസ്സിന്റെ അവസ്ഥ, പെട്ടെന്ന് ആക്രമിക്കപ്പെട്ടപ്പോഴുള്ള ആ പരിഭ്രാന്തി... ഇതെല്ലാം നമുക്ക് ഊഹിച്ചുകൂടേ. അവള്‍ എത്ര ഭയന്നുകാണും. എത്ര നിലവിളിച്ചുകാണും. അമ്മേ എന്നായിരിക്കും, അങ്ങനെയല്ലേ എല്ലാ കുട്ടികളും നിലവിളിക്കുക. ആരും കേട്ടില്ല. ആരും കേട്ടില്ലേ, അതോ കേട്ടവരും മിണ്ടാതെ, ശ്രദ്ധിക്കാതിരുന്നോ? ചങ്ങല വലിച്ച് നിര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ലേ. നിലവിളി കേട്ടപ്പോള്‍ ആരോ ചാടുന്നതുകണ്ടു എന്നൊക്കെ പറയുന്നു. അപ്പോള്‍ ചങ്ങല വലിച്ചൊന്നു നിര്‍ത്തി എന്താണെന്നു നോക്കാന്‍ ആരും ഇല്ലായിരുന്നോ അവിടെ. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം. അപ്പോള്‍, ആരെങ്കിലും കണ്ടിരുന്നെങ്കില്‍ വീണിടത്തുനിന്നും ആ കുട്ടിയെ എടുത്തു രക്ഷിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അവിടെനിന്നു വലിച്ചിഴച്ച് എവിടെയോ കൊണ്ടിട്ടാണല്ലോ അവളെ ഉപദ്രവിച്ചത്... എന്താണ് ഞാനിതിനെയൊക്കെ പറയേണ്ടത്. എന്ത് ഭാഷയാണ് ഉപയോഗിക്കേണ്ടത്. മനസ്സ് തകരുന്ന വേദന തോന്നുകയാണ്. ഒരുപാട് ഭയം തോന്നുന്നു നമ്മുടെ പെണ്കുട്ടികളെക്കുറിച്ചോര്ക്ക
ഈയൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ, വിവാഹം സ്വപ്നം കണ്ട് അമ്മയുടെ അടുക്കലേക്കോടിപ്പോയ പെണ്‍കുട്ടിയുടെ വിധി ഒരു കുഞ്ഞിനും ഇനി വരാതിരിക്കട്ടെ. ഒരാള്‍ക്കും അത് വരാതിരിക്കട്ടെ. ഈശ്വരന്‍ അവള്‍ക്ക് ശാന്തി നല്‍കട്ടെ. കണ്ണീരില്‍ മുങ്ങിയ ആ അമ്മയെയും വീട്ടുകാരെയുമൊക്കെ ഞാന്‍ മനസ്സില്‍ കാണുകയാണ്. അവരുടെ മുന്നില്‍ ഒരു സമാധാനവും പറയാന്‍ സമൂഹത്തിനില്ല. കൊന്നുകളഞ്ഞു എന്നു മാത്രമാണ് നമുക്ക് ഏറ്റുപറയാനുള്ളത്. നമ്മുടെ അശ്രദ്ധകൊണ്ട്, അനാസ്ഥകൊണ്ട്, കൊള്ളരുതായ്മകൊണ്ട് ആ പെണ്‍കുട്ടിയെ നമ്മള്‍ കൊന്നുകളഞ്ഞിരിക്കുന്നു. ഈശ്വരന്‍ പൊറുക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ